Banner Ads

കുരിശുമേന്തി ബിഷപ്പുമാർ, പ്രാർത്ഥനയോടെ വിശ്വാസികൾ; കണ്ണൂരിൽ സംയുക്ത ദുഃഖവെള്ളി ആചരണം

കണ്ണൂർ : ലോകരക്ഷകന്റെ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ദിനമായ ഇന്ന് കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു. തെക്കിബസാർ ഹോളി ഫാമിലി പള്ളിയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.

ഭാരമേറിയ കുരിശുമേന്തി ബിഷപ്പുമാർ നഗരം ചുറ്റി വിശ്വാസികൾക്കൊപ്പം നീങ്ങിയത് ഭക്തിനിർഭരമായ കാഴ്ചയായി. സ്റ്റേഡിയം കോർണറിൽ സമാപിച്ച ചടങ്ങിൽ കണ്ണൂർ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല വിശ്വാസികൾക്ക് പീഡാനുഭവ സന്ദേശം നൽകി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനാനിർഭരമായ ഈ ശുശ്രൂഷയിൽ പങ്കുചേർന്നത്.