Banner Ads

പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും ജാഗ്രത, പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ : കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ ആർ ടി) യോഗം ചേർന്നു. കേരളത്തിൽ മനുഷ്യർക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. രോഗബാധിത പ്രദേശങ്ങളിൽ പനി, കടുത്ത ശരീരവേദന, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കും.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. പിപിഇ കിറ്റുകളും ആവശ്യമായ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. പക്ഷികളിലോ സസ്തനികളിലോ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കണം. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവെയോ നേരിട്ട് കൈകാര്യം ചെയ്യരുത്. മാംസവും മുട്ടയും നന്നായി പാചകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.