
ആലപ്പുഴ : കോഴിയിറച്ചി വിഭവങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ (ചൊവ്വാഴ്ച) ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ മാംസ-മുട്ട വിൽപന നിരോധിച്ചിരുന്നു. ഇത് ജില്ലയിലെ 32 പഞ്ചായത്തുകളെയും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളെയും ബാധിച്ചു. ചിക്കൻ, താറാവ്, കാട വിഭവങ്ങൾ വിൽക്കാൻ അനുവദിക്കണമെന്ന ഹോട്ടൽ ഉടമകളുടെ ആവശ്യം കളക്ടർ തള്ളി.
സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാനാവില്ലെന്നും ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. കോഴിയിറച്ചി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ പ്രവർത്തകർ ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നിൽ വാഴ നട്ട് പ്രതിഷേധിച്ചു. പക്ഷിപ്പനി പടരാതിരിക്കാൻ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.