Banner Ads

ഏഴാംമൈലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, കാർ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം : കൊല്ലം – പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അടൂർ ഏനാത്ത് മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസ് – സീനത്ത് ദമ്പതികളുടെ മകൻ അംജത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം.

സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിലേക്ക് അമ്മയുമായി ബൈക്കിൽ പോകുകയായിരുന്നു അംജത്. ഏഴാംമൈൽ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

സീനത്ത് ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽ വീട്ടിൽ ഹരികുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്തു. ഏഴാംമൈൽ ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.