തമിഴ് ചലച്ചിത്രലോകത്ത് തന്റെ അഭിനയ മികവുകൊണ്ട് ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സൂര്യ. എന്നാൽ, തിരശ്ശീലയ്ക്ക് പിന്നിൽ അദ്ദേഹം നടത്തുന്ന നിശ്ശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സൂര്യയെ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ‘അഗരം ഫൗണ്ടേഷൻ’ നിരവധി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വെളിച്ചമെത്തിച്ചതിനെക്കുറിച്ചും, സ്റ്റണ്ട് കലാകാരന്മാർക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന സഹായങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2006 സെപ്റ്റംബർ 25-ന് തന്റെ 35-ാം വയസ്സിലാണ് സൂര്യ അഗരം ഫൗണ്ടേഷന് തുടക്കമിട്ടത്. വെറും 160 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സംരംഭം ഇന്ന് 6,000-ത്തിലധികം വിദ്യാർത്ഥികളുടെ ജീവിതം മാറ്റിമറിച്ചു.
അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷിക ദിനത്തിൽ നടന്ന പരിപാടിയിലാണ് സൂര്യയുടെ ഈ സുമനസ്സിന്റെ കഥകൾ ലോകമറിഞ്ഞത്.അഗരത്തിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ നിരവധി ഡോക്ടർമാരും എഞ്ചിനീയർമാരും ഇപ്പോൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
51 ഡോക്ടർമാരെയും 1,800-ഓളം എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. 60 ശതമാനത്തോളം പെൺകുട്ടികളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ എന്നതും ശ്രദ്ധേയമാണ്. പല പ്രമുഖ കോളേജുകളും അഗരം ഫൗണ്ടേഷനിലെ വിദ്യാർത്ഥികൾക്കായി 700-ഓളം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.
വാർഷികാഘോഷ വേദിയിൽ വിദ്യാർത്ഥികൾ തങ്ങളുടെ ജീവിതകഥകൾ പങ്കുവെച്ചപ്പോൾ സൂര്യ വികാരാധീനനായി. പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും അധ്യാപകരോ, അപേക്ഷാ ഫോം വാങ്ങാൻ പണമോ ഇല്ലാത്ത നിരവധി വിദ്യാർത്ഥികളുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും ആ യാത്രയാണ് ഇപ്പോഴും തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതെന്നും ഇതിന്റെയെല്ലാം കാരണം അവരുടെ അശ്രാന്ത പരിശ്രമമാണെന്ന് സൂര്യ പറഞ്ഞു.
ജയപ്രിയയുടെ ഹൃദയസ്പർശിയായ കഥ അഗരം ഫൗണ്ടേഷന്റെ സഹായത്തിലൂടെ ജീവിതം മെച്ചപ്പെടുത്തിയ ജയപ്രിയ എന്ന പെൺകുട്ടിയുടെ കഥയാണ് സൂര്യയെ ഏറ്റവും കൂടുതൽ കരയിപ്പിച്ചത്. കടലൂരിലെ, വൈദ്യുതിയില്ലാത്തതും മഴ പെയ്താൽ ചോർന്നൊലിക്കുന്നതുമായ വീട്ടിൽനിന്ന് പഠിച്ച് ഉയർന്ന നിലയിലെത്തിയ അവളുടെ കഥ സദസ്സിൽ വലിയ വികാരമുണ്ടാക്കി.
ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം, അഗരം ഫൗണ്ടേഷന്റെ സഹായം ലഭിച്ചതോടെ ജയപ്രിയയ്ക്ക് തമിഴ്നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സായി റാമിൽ പഠിക്കാൻ അവസരം ലഭിച്ചു. പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്ന് ഗോൾഡ് മെഡലോടെ പഠനം പൂർത്തിയാക്കി.
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിനാഷണൽ കമ്പനികളിലൊന്നായ ഇൻഫോസിസിൽ ടെക്നോളജി ലീഡായി ജോലി ചെയ്യുകയാണ് ജയപ്രിയ. നഷ്ടപ്പെട്ടുപോയ വീട് നിയമപരമായി തിരിച്ചുപിടിക്കാനും അമ്മയുടെ പേരിൽ രണ്ട് വീടുകൾ സ്വന്തമാക്കാനും അവർക്ക് സാധിച്ചു. “പെൺകുട്ടികൾ പഠിക്കട്ടെ” എന്ന ജയപ്രിയയുടെ വാക്കുകൾ ശക്തമായൊരു സന്ദേശമാണ് നൽകിയത്.
നിശബ്ദമായ സഹായം സ്റ്റണ്ട് കലാകാരന്മാർക്കുംസിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാധാരണക്കാരായ കലാകാരന്മാരെയും സൂര്യ ചേർത്ത് നിർത്താറുണ്ട്. സംവിധായകൻ പാ രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്.എം. രാജു മരണപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തുകൊണ്ട് സൂര്യ മുന്നോട്ട് വന്നിരുന്നു.
ബോളിവുഡ് നടൻ അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വാഗ്ദാനം ചെയ്തതിന് ശേഷം, തമിഴ് നടന്മാർ എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൂര്യയുടെ സഹായത്തെക്കുറിച്ച് സ്റ്റണ്ട് മാസ്റ്റർ സിൽവ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
കഴിഞ്ഞ 10 വർഷമായി സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ മെഡിക്കൽ ഇൻഷുറൻസിനായി സൂര്യ എല്ലാ വർഷവും 10 ലക്ഷം രൂപ സംഭാവന ചെയ്യുന്നുണ്ടെന്ന് സിൽവ പറഞ്ഞു.ചലച്ചിത്ര താരമെന്നതിലുപരി, ഒരു മനുഷ്യസ്നേഹിയായി സൂര്യ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് സമൂഹത്തിന് വലിയൊരു മാതൃകയാണ്.
പണവും പ്രശസ്തിയും ഉണ്ടായിട്ടും, അത് സ്വന്തം നേട്ടങ്ങൾക്കായി മാത്രം ഉപയോഗിക്കാതെ, അർഹരായവർക്ക് സഹായം എത്തിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. ‘അഗരം ഫൗണ്ടേഷൻ’ എന്ന തന്റെ ജീവകാരുണ്യ സംഘടനയിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തിയതിലൂടെ, വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് സൂര്യ ലോകത്തിന് കാണിച്ചുകൊടുത്തു.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയതിലൂടെ, അദ്ദേഹം ഒരു തലമുറയുടെ തന്നെ ഭാവിയാണ് മാറ്റിമറിച്ചത്. സ്വന്തം ജീവിതകഥകൾ പറഞ്ഞ് വിദ്യാർത്ഥികൾ വികാരാധീനരായപ്പോൾ, സൂര്യയുടെ കണ്ണുകളും നിറഞ്ഞു.
ഇത് പണത്തിന് അതീതമായ ആത്മാർത്ഥമായ സ്നേഹബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെയും സൂര്യ മറന്നില്ല. സ്റ്റണ്ട് കലാകാരന്മാരുടെ ക്ഷേമത്തിനായി കഴിഞ്ഞ 10 വർഷമായി അദ്ദേഹം രഹസ്യമായി നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ അദ്ദേഹത്തിന്റെ ഉദാരതയുടെ മറ്റൊരു ഉദാഹരണമാണ്.
ഈ സഹായങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത് യാദൃശ്ചികമായാണ്. തന്റെ പ്രവർത്തനങ്ങൾ പി.ആർ. വർക്കുകളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കാതെ, നിശ്ശബ്ദമായി സഹായം ചെയ്യുന്ന സൂര്യയുടെ ഈ മനോഭാവം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. അതുകൊണ്ടാണ് സിനിമാലോകം അദ്ദേഹത്തെ ‘കോളിവുഡിന്റെ മനുഷ്യദൈവം’ എന്ന് വിശേഷിപ്പിക്കുന്നത്.
സൂര്യ വെറുമൊരു താരമല്ല, മറിച്ച് ദയയും കാരുണ്യവും കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കുന്ന ഒരു സാധാരണ മനുഷ്യനാണ്