കൊച്ചി : ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ. ട്രെയിനുകളിൽ സ്വർണക്കവർച്ച നടത്തുന്നവരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ സുരക്ഷാവിഭാഗം പോസ്റ്ററുകളും ബോധവത്കരണ വീഡിയോകളും പുറത്തിറക്കി. ട്രെയിൻ യാത്രയിൽ സ്വർണ്ണം ധരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം.
സ്വർണമെന്ന രീതിയിൽ ധരിക്കുന്ന മുക്കുപണ്ടം പോലും മോഷ്ടാക്കളെ ആകർഷിക്കും. സ്വർണ്ണപ്പാദസരങ്ങളാണ് മോഷ്ടാക്കൾക്ക് കൂടുതൽ പ്രിയം. മുകൾ ബെർത്തിൽ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം വിദഗ്ധമായി പൊട്ടിച്ചെടുക്കുന്ന രീതി നിലവിലുണ്ട്. ഒരു ട്രെയിനിൽ സംഘമായി എത്തി പലയിടങ്ങളിൽ കവർച്ച നടത്തിയ ശേഷം സ്ഥലം വിടുന്നതാണ് പ്രധാന രീതി.കൊങ്കൺ പാതയിലാണ് ഇത്തരം മോഷണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
മുൻപ് മംഗളൂരുവിൽ മറുനാടൻ മോഷണസംഘത്തെ റെയിൽവേ സംരക്ഷണസേന പിടികൂടിയിരുന്നു. ഇവർ മോഷ്ടിക്കാൻ എത്തുകയും മടങ്ങുകയും ചെയ്യുന്നത് വിമാനമാർഗ്ഗമാണ്. കൊങ്കൺ, തിരുവനന്തപുരം മുതൽ മംഗളൂരു വരെ ട്രെയിനിൽ യാത്ര ചെയ്യുന്ന ഇവർ നിശ്ചിത അളവ് സ്വർണ്ണം മോഷ്ടിച്ച് കിട്ടിയാൽ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും.കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തത് മോഷണം തടയുന്നതിൽ തിരിച്ചടിയാണ്.
നിലവിൽ പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ മാത്രമാണ് ക്യാമറകളുള്ളത്. കൊങ്കൺ പാതയിലാണ് മലയാളികൾ കൂടുതലും കവർച്ചയ്ക്ക് ഇരയാകുന്നത്. കൊങ്കൺ ട്രെയിനുകളിൽ നിലവിൽ കാവലിന് ആളില്ലാത്ത സാഹചര്യമാണ്. ഒരു ട്രെയിനിൽ ഒന്നോ രണ്ടോ ടിക്കറ്റ് പരിശോധകർ മാത്രമേ ഉണ്ടാകാറുള്ളൂ. ഒറ്റപ്പാതയായതിനാൽ പല സ്റ്റേഷനുകളിലും ട്രെയിൻ പിടിച്ചിടുന്ന സമയത്ത് സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമല്ല.