Banner Ads

ക്ലാസ് തുടങ്ങും മുൻപ് സ്കൂൾ മുറ്റത്ത് കാട്ടാനക്കുട്ടി; വയനാട്ടിൽ കൗതുകമുണർത്തി സംഭവം

വയനാട്:വയനാട് ചേകാടിയിലെ സർക്കാർ എൽപി സ്കൂളിൽ രാവിലെ മണി അടിച്ചപ്പോൾ സ്കൂൾ മുറ്റത്ത് ഒരു കാട്ടാനക്കുട്ടിയെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു വിദ്യാർഥികൾ. രാവിലെ പത്ത് മണിയോടെയാണ് കാട്ടാനക്കുട്ടി സ്കൂളിലെത്തിയത്. വരാന്തയിൽ ചുറ്റിക്കറങ്ങിയ കാട്ടാനക്കുട്ടിയെ കണ്ട് അധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിലാക്കി വാതിലടച്ചു.

കുട്ടികൾ ആനക്കുട്ടിയെ കണ്ട് ബഹളം വെക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികളിലൊരാളുടെ ചെരുപ്പ് കാട്ടാനക്കുട്ടി കാലുകൊണ്ടും തുമ്പിക്കൈ കൊണ്ടും തട്ടിക്കളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് സ്കൂൾ മുറ്റത്തെ ചെളിയിലിറങ്ങി കറങ്ങി നടന്നത് ആശങ്കയുണ്ടാക്കി. ഒരേസമയം ആശങ്കയും കൗതുകവും നിറഞ്ഞ ദൃശ്യങ്ങളാണ് ഇത്.

കാട്ടാനക്കുട്ടിയെ കണ്ടയുടൻ അധ്യാപകർ വനപാലകരെ വിവരമറിയിച്ചു. തുടർന്ന് പുൽപ്പള്ളി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് വനപാലകരെത്തി കുട്ടിയാനയെ വലയിലാക്കി. ചെതലയം ഫോറസ്റ്റ് റേഞ്ചിനോട് ചേർന്ന ജനവാസ മേഖലയാണിത്. ഇവിടെ കാട്ടാനകൾ വരാറുണ്ടെങ്കിലും കുട്ടിയാന ഒറ്റയ്ക്കെത്തുന്നത് അപൂർവമാണ്. കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി അമ്മയെ തേടി വന്നതാകാമെന്നാണ് വനപാലകർ പറയുന്നത്. പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുത്തങ്ങയിലെത്തിച്ച് കാട്ടിൽ തുറന്നുവിടാനാണ് തീരുമാനം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് വന്നത്. ‘ഒരു അഡ്മിഷൻ കൊടുക്കണം, നല്ലത് പോലെ പഠിച്ചു വളരട്ടെ’, ‘നമ്മൾ പഠിച്ചപ്പോ എലിയും പാമ്പും ആയിരുന്നു, ഇപ്പോൾ ആന വരെയായി’, ‘മന്ത്രി സ്‌കൂളിൽ ചിക്കൻ ബിരിയാണി ആണെന്ന് പറഞ്ഞത് കേട്ട് വന്നതാവും’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.