Banner Ads

വണ്ടൂരിൽ ബാർ ജീവനക്കാർക്ക് കുത്തേറ്റു; മദ്യക്കുപ്പികളും ഫർണിച്ചറുകളും അടിച്ചുതകർത്തു

മലപ്പുറം : മലപ്പുറം വണ്ടൂരിൽ ബാറിനുള്ളിലുണ്ടായ ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് കുത്തേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വണ്ടൂർ കരുണാലയപ്പടി സ്വദേശിയായ ഷിബിൽ ആണ് ആക്രമണം നടത്തിയത്. ഇയാൾ ലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു. ബാറിലെ മദ്യക്കുപ്പികളും ഫർണിച്ചറുകളും ഷിബിൽ അടിച്ചു തകർക്കുകയും ചെയ്തു. കുത്തേറ്റ മൂന്ന് പേരെയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.