
തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്‌നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാൾ കോയമ്പത്തൂരിലെത്തി.
അവിടെ വെച്ച് വഴിയാത്രക്കാരന്റെ മൊബൈൽ ഫോണിൽ തെങ്കാശിയിലുള്ള ഭാര്യയെ വിളിച്ചു. തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ബാലമുരുകനായി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് കേരള പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഫോൺ നൽകിയ വഴിയാത്രക്കാരനെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യത്തിന് വേണ്ടിയാണ് ഫോൺ ആവശ്യപ്പെട്ടതെന്നാണ് ഇയാളുടെ മൊഴി.