
തൃശൂര്‍ : 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് റാപ്പര്‍ വേടൻ. താൻ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് വേടൻ പറഞ്ഞു.
പാട്ടുകാരൻ എന്നതിലുപരി ഗാനരചയിതാവ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്. എടുക്കുന്ന പണി നടക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഈ പുരസ്‌കാരം. തൻ്റെ കലാസൃഷ്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം (വിയർപ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനം ഒരു ദിവസം കൊണ്ട് എഴുതിയതാണെന്നും വേടൻ വെളിപ്പെടുത്തി. മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സിനെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും മഞ്ഞുമ്മൽ ഫാമിലി മുഴുവൻ ഹാപ്പിയാണെന്നും വേടൻ അറിയിച്ചു.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാർശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെയും തേച്ചുമിനുക്കാത്ത വാക്കുകളിലൂടെയും പകർത്തിയെടുത്ത രചനാമികവിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തോടും കൂടെ നിന്നവരോടും പ്രാർഥിച്ചവരോടും വേടൻ നന്ദി പറഞ്ഞു.