Banner Ads

രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; സിബിഎസ്ഇ പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി : സാങ്കേതിക കാരണങ്ങളാൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചില പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു. 2026 മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച സർക്കുലർ പരീക്ഷാ കൺട്രോളർ ഡോ സന്യാം ഭരദ്വാജ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ചു.

മാർച്ച് 3 ന് നടത്താനിരുന്ന പത്താം ക്ലാസിലെ ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തങ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ ഇനി മാർച്ച് 11 ന് നടക്കും. പന്ത്രണ്ടാം ക്ലാസ് നിയമ പഠന പരീക്ഷ മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഏപ്രിൽ 10 ന് നടത്തും. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല.

പുതുക്കിയ തീയതികൾ വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡിലും ലഭ്യമാകും. പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 17 ന് തന്നെ ആരംഭിക്കും. ആദ്യദിനം പത്താം ക്ലാസിന് മാത്തമാറ്റിക്സും പന്ത്രണ്ടാം ക്ലാസിന് ബയോടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളുമാണ് നടക്കുക. മാറ്റം വരുത്തിയ വിവരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൃത്യമായി അറിയിക്കണമെന്ന് സ്കൂളുകൾക്ക് സിബിഎസ്ഇ നിർദ്ദേശം നൽകി.