
തിരുവനന്തപുരം : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അനസ് (37) ആണ് ചിറയിൻകീഴ് പോലീസിന്റെ പിടിയിലായത്. ശാർക്കര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടെയായിരുന്നു സംഭവം.
മതിൽ ചാടിക്കടന്ന് വീടിന് പരിസരത്തെത്തിയ പ്രതി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പണവും ആഭരണങ്ങളും കവരാനും ശ്രമിച്ചു.
മദ്യലഹരിയിലായിരുന്ന പ്രതി പിടിവലിക്കിടെ കുഴഞ്ഞുവീണ് മയങ്ങിപ്പോയി. ഈ സമയം വയോധിക പുറത്തിറങ്ങി പ്രതിയെ മുറിക്കുള്ളിലിട്ട് പൂട്ടുകയും നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
വയോധികരെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ മുൻപും കേസുകളുണ്ട്. വർക്കല ക്ലിഫിന് സമീപം റഷ്യൻ യുവതിയെ ഉപദ്രവിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.