ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുകുളം റോഡിന് സമീപം മുറുക്കിത്തുപ്പിയതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുവേനിയിൽ നിന്നാണ് ദിൽകുമാർ (52) എന്നയാളെ പോലീസ് പിടികൂടിയത്.
പന്തളം സ്വദേശിയായ സജീവ് (54) ആണ് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ചോരയിൽ കുളിച്ചു കിടന്ന സജീവിനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സജീവ് ചെരുപ്പ് കുത്തുന്ന ജോലിയാണ് ചെയ്തിരുന്നത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ മൊഴിയും പരിശോധിച്ചതിൽ, അമ്പലക്കുളത്തിൽ കുളിക്കുന്നതിനിടെ മുറുക്കിത്തുപ്പിയതിനെ ചൊല്ലി ദിൽകുമാറുമായി സജീവ് വഴക്കിടുകയും, തുടർന്ന് ദിൽകുമാർ കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്ന് വ്യക്തമായി.എസ്.ഐ.മാരായ ആദർശ്, സുജിത് ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.