ന്യൂഡല്‍ഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ലൈംഗികപീഡന കേസില്‍ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നല്‍കിയിരിക്കുന്നത്.
സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് ഹാജരായത്. എട്ട് വർഷത്തിന് മുമ്ബ് അതിജീവിത സമൂഹമാദ്ധ്യമത്തിലൂടെ പ്രതിക്കെതിരെ ലൈംഗികാരോപണം നടത്തിയിട്ടും സർക്കാർ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പരാതി നല്‍കാൻ തീരുമാനിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക വാദിച്ചു.
സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതി നല്‍കാനും കേസെടുക്കാനുമുണ്ടായ കാലതാമസത്തെ കുറിച്ച് കോടതി പ്രത്യേകം പരാമർശിച്ചു.സുപ്രീം കോടതി വിധി എതിരായാല്‍ തിരുവനന്തപുരത്തെത്തി കീഴടങ്ങാനായിരുന്നു സിദ്ദിഖിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവില്‍പോയ സിദ്ദിഖിന് താത്കാലിക ആശ്വാസമാണ് ഈ വിധി.