പാലക്കാട്:സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അമ്പതുകാരനാണ് നിപ ബാധിച്ച് മരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം കടുത്ത ശ്വാസതടസ്സവുമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ നിപ സൂചനകള്‍ കണ്ടതിനെ തുടര്‍ന്ന് തത്സമയം ഐസൊലേറ്റ് ചെയ്ത് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാക്കിയിരുന്നുവെങ്കിലും ചികിത്സ ഫലം കാണാതെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മരണപ്പെടുന്നത്.
ഇതിന് മുമ്പ് മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ച് മരിച്ചിരുന്നു. തുടര്‍ച്ചയായ മരണങ്ങളോടെ വീണ്ടും ആരോഗ്യ വകുപ്പും പൊതുജനങ്ങളും അതീവ ജാഗ്രതയിലാണ്.