ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല, ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി . കോയമ്ബത്തൂരിലെ ഗവൺമെന്റ് ആർട്സ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വിദ്യ(22)യാണ് കൊല്ലപ്പെട്ടത്.അലമാര മകളുടെ ശരീരത്തിലേക്ക് മറിഞ്ഞ് വീണാണ് മരണം സംഭവിച്ചതെന്നാണ് മാതാപിതാക്കൾ പറഞ്ഞിരുന്നത്.
ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയും ചെയ്തു. എന്നാൽ, കൊലപാതകത്തിൽ ദുരൂഹത ആരോപിച്ച് വിദ്യയുടെ കാമുകൻ തിരുപ്പൂരിൽ നിന്നുള്ള വെൺമണി എന്ന യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകം പുറത്തുവരുന്നത്.പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
വിദ്യയുടെ സഹോദരൻ ശരവണനെ ചോദ്യം ചെയ്തതിൽ നിന്ന് വെൺമണിയുമായുള്ള ബന്ധത്തെ എതിർത്തതിനെ തുടർന്ന് അയാൾ തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. വെൺമണി വ്യത്യസ്ത സമുദായത്തിൽ നിന്നുള്ളയാളായതിനാൽ ശരവണൻ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.