തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് സർവീസ് ഇന്ന് (വ്യാഴാഴ്ച) മുതൽ രാമേശ്വരം വരെ നീട്ടി. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്നുള്ള ഏക ട്രെയിനായി അമൃത എക്സ്പ്രസ് മാറി.
രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. ഉച്ചയ്ക്ക് 1.30-ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ നിലവിലുള്ള സമയക്രമത്തിൽ മാറ്റമില്ല. രാമേശ്വരത്തേക്കുള്ള ട്രെയിൻ രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തും എത്തും. തിരിച്ചുള്ള ട്രെയിൻ 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലും എത്തിച്ചേരും.
പാമ്പൻ പാലം തുറക്കുന്നതോടെ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ നേരത്തേ അറിയിച്ചിരുന്നു. 12 സ്ലീപ്പർ കോച്ചുകളും 4 ജനറൽ കോച്ചുകളും 3 എസി ത്രീ ടിയർ കോച്ചുകളും 2 ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിനിലുള്ളത്. രാമേശ്വരത്ത് എട്ട് ട്രെയിനുകളുടെ സർവീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നൽ സംവിധാനവുമുള്ളത് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും.