കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകുമെന്ന സൂചനകൾക്കിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ എന്ന രീതിയിലാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷൻ സംഘാടകർ ഉയർത്തിക്കാട്ടിയിരുന്നത്.പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മൊഴിയെടുക്കാൻ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
ഇന്നലെ രാത്രി 11.30 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്ബത്തിക തട്ടിപ്പ് സംബന്ധിച്ച് നാല് പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മൃദംഗവിഷൻ ഡയറക്ടർ നിഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവരെ മുൻനിർത്തിയാണ് കേസ്.വിശ്വാസവഞ്ചനയ്ക്കാണ് പാലാരിവട്ടം പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കലൂർ സ്വദേശി ബിജിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. പരിപാടിക്കായുള്ള സാമ്‌ബത്തിക ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി എന്ന നിലയ്ക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പല രക്ഷിതാക്കളും മക്കളെ അയച്ചത്. താൽക്കാലിക സ്റ്റേജിന്റെ നിർമ്മാണത്തിൽ അടക്കം സംഘാടനത്തിൽ ഗുരുതര പിഴവ് പരിശോധനയിൽ കണ്ടതായി റിപ്പോർട്ട് . ഇതിൽ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ദിവ്യ പ്രതികരിച്ചിരുന്നില്ല