Banner Ads

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ആയി. 59 വയസ്സുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളണ്ടിയർമാരാണ് ആശുപത്രിയിലെത്തിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ, സമരങ്ങളിൽ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലിനമായ വെള്ളം മൂക്കിലൂടെ കയറി രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് നേതാവ് സൽമാൻ പരാതി നൽകിയിട്ടുണ്ട്. സമരങ്ങൾ നിയന്ത്രിക്കാൻ പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് ജലപീരങ്കിയാണ്. പോലീസ് ക്യാമ്പുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണ് സാധാരണയായി ഇതിനായി വെള്ളം എടുക്കുന്നത്. ഈ സാഹചര്യത്തിൽ ചെളിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.