വയനാട്: വയനാട് എം.പി. പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് ആരോപിച്ച് ബി.ജെ.പി. വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി. പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് പരാതി നൽകിയത്.
കഴിഞ്ഞ മൂന്ന് മാസമായി എം.പി.യെ വയനാട് മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. നിരവധി പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും ആദിവാസി വിഷയങ്ങളിലടക്കം എം.പി.യുടെ സാന്നിധ്യമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയെ കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം.
നേരത്തെ, തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ആരോപിച്ച് കെ.എസ്.യു. തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഈ ആരോപണങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി. ഡൽഹിയിൽ ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിമർശകരോട് പ്രതികരിച്ചത്. രാജ്യസഭയിലെ ചർച്ചയുടെ ഭാഗമായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘ഞങ്ങൾ ഡൽഹിക്ക് അയച്ച നടനെ കാണാനില്ല’ എന്ന് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് നടത്തിയ പരാമർശവും സുരേഷ് ഗോപിക്കെതിരായ കെ.എസ്.യുവിന്റെ പരാതിയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.