
ദില്ലി : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് മറികടക്കാൻ വിമാനക്കമ്പനികളെല്ലാം ഇന്ധന സർച്ചാർജ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ കമ്പനികളും നിരക്ക് വർദ്ധനയ്ക്കുള്ള ആലോചനയിലാണ്.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോള എണ്ണ വിതരണത്തിൽ തടസ്സമുണ്ടാവുകയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തത് ഏവിയേഷൻ മേഖലയെ പ്രതിസന്ധിയിലാക്കി. അവധിക്കാല യാത്രകളും ബിസിനസ്സ് യാത്രകളും ആസൂത്രണം ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കും. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ വലിയൊരു ശതമാനം വിമാന ഇന്ധനത്തിനായാണ് ചിലവാക്കുന്നത്.
വിമാനക്കമ്പനികൾ ഈ അധികച്ചെലവ് സർച്ചാർജിലൂടെ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ നേരിട്ടുള്ള വർദ്ധനവുണ്ടാകും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന.