
കൊച്ചി : ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയ വിസ്മയം തീർത്ത് എയർ ഇന്ത്യ എക്സ്പ്രസ്സ്. ഒരു ചിത്രകാരിയുടെ പെയിന്റിംഗ് വിമാനത്തിലുടനീളം പകർത്തിക്കൊണ്ട് ഫ്‌ളെയിംഗ് ക്യാൻവാസ് എന്ന പേരിൽ പുതിയ ബോയിംഗ് വിമാനം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനക്കമ്പനി വിമാനം മുഴുവനായി ഒരു കലാരൂപമാക്കി മാറ്റുന്നത്.
കൊച്ചി ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ ശ്രദ്ധേയയായ തമിഴ്‌നാട് സ്വദേശിനി ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് വിമാനത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഓരോ വിമാനത്തിനും വ്യത്യസ്തമായ പുറം ഡിസൈനുകൾ നൽകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ശൈലി ഇതിനോടകം ശ്രദ്ധേയമാണ്. ടെയിൽസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി വിമാനങ്ങളുടെ വാലറ്റത്ത് വിവിധ കലാരൂപങ്ങൾ നൽകാറുണ്ട്.
കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ നെയ്ത്ത് ശൈലികളും രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ കഥകളി, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ കലാരൂപങ്ങളും മുൻപ് വിമാനങ്ങളുടെ വാലറ്റത്ത് ഇടംപിടിച്ചിട്ടുണ്ട്. മുൻപ് വാലറ്റത്ത് മാത്രം ഒതുങ്ങിയിരുന്ന ചിത്രപ്പണികൾ ഇതാദ്യമായാണ് വിമാനത്തിന്റെ ഉടലിലുടനീളം പടരുന്നത്.