Banner Ads

രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വരുന്നു; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. രാഹുലിനെതിരെ എഐസിസിക്ക് ലഭിച്ച പരാതികൾ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.

ഈ പരാതികൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കെപിസിസിക്ക് നിർദേശം നൽകിയതായാണ് വിവരം.രാഹുൽ മാങ്കൂട്ടത്തിനെതിരെ നേരത്തെയും നിരവധി പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു.

ഫണ്ട് തിരിമറി, സ്ത്രീകളുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പരാതികളിൽ പ്രധാനമായും ഉള്ളത്. നിലവിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയങ്ങളിൽ അടിയന്തിര അന്വേഷണം നടത്തി നടപടിയെടുക്കാനാണ് ഹൈക്കമാൻഡ് നിർദേശം.ഇരട്ടപ്പദവി വഹിക്കുന്ന രാഹുൽ മാങ്കൂട്ടത്തിനെ എംഎൽഎ ആയതിന് ശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് നേരത്തെയും ചർച്ചകൾ നടന്നിരുന്നു.

എന്നാൽ, ഇപ്പോൾ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെ സ്ഥാനത്ത് നിന്ന് മാറ്റി പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. നേതാക്കൾക്കിടയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ ആരും പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.