തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ വെഞ്ഞാറമൂടിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൈയ്യിലിരുന്ന് പടക്കം പൊട്ടിയതിനെ തുടർന്ന് മണലിമുക്ക് സ്വദേശിയായ ശ്രീജിത്തിന്റെ (33) രണ്ട് കൈ വിരലുകളാണ് നഷ്ടപ്പെട്ടത്.
വീടിന് സമീപം റോഡരികിൽ പടക്കം കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി പടക്കം കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. പരുക്കേറ്റ ശ്രീജിത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്, മുറിഞ്ഞുപോയ രണ്ട് വിരലുകൾ തറയിൽ വീണു കിടക്കുന്നതാണ്.
ഉടൻ തന്നെ നാട്ടുകാർ ആംബുലൻസ് വിളിച്ച് മുറിഞ്ഞുപോയ വിരലുകളോടൊപ്പം യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദീപാവലി ആഘോഷ വേളയിൽ പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.