ചണ്ഡീഗഡ് : പഞ്ചാബില്‍ ആം ആദ്മി പാർട്ടി പ്രവർത്തകനായ മോഹർ സിങ് ഗ്രാമത്തില്‍ നിന്നുള്ള രാജ്‌വീന്ദർ സിങ്ങിനെ(38) അജ്ഞാതർ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ രാജ്‌വീന്ദറിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു രാജ്‌വീന്ദർ സിങ്. ഗ്രാമ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നത്. രാജ്‌വീന്ദറിന്‍റെ കാർ തടഞ്ഞു നിർത്തുകയും ബൈക്കിലെത്തിയ സംഘം വെടിവെക്കുകയുമായിരുന്നു. പ്രതികള്‍ ഉടൻ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.
ഉച്ചക്ക് രണ്ടരക്കാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ എത്തിയ അക്രമികള്‍ ആദ്യം രാജ്‌വീന്ദറുമായി സംഭാഷണത്തില്‍ ഏർപ്പെടുകയും പിന്നീട് വെടി വെയ്ക്കുകയും ചെയ്തു. വെടിയുതിർത്തവർ മുഖം മറക്കാതെയാണ് വന്നതെന്ന് പോലീസ് അറിയിച്ചു. രാജ്‌വീന്ദറിന് നെഞ്ചിലാണ് വെടിയേറ്റത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
രാജ്‌വീന്ദർ സിങ്ങിന്‍റെ മരണത്തില്‍ പാർട്ടി അനുസ്മരണം രേഖപ്പെടുത്തി. പാർട്ടിയും സംസ്ഥാന സർക്കാറും രാജ്‌വീന്ദറിന്‍റെ കുടുംബത്തിനോടൊപ്പമാണെന്ന് എ.എ.പി നേതാവും എം.പിയുമായ മല്‍വിന്ദർ സിങ് കാങ് പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കാൻ സാധ്യമായ എല്ലാ സഹായവും സർക്കാർ നല്‍കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.