Banner Ads

കൊളച്ചേരിയിൽ തെരുവുനായ വിളയാട്ടം; വീട്ടുമുറ്റത്ത് കളിച്ച ഒൻപതുകാരിക്ക് പരിക്ക്

കണ്ണൂർ : കൊളച്ചേരിയിൽ തെരുവുനായ ശല്യം രൂക്ഷം. വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. കൊളച്ചേരി എൽപി സ്കൂളിന് സമീപത്തെ ഓത്തിക്കണ്ടി റിസ്വയ്ക്കാണ് പരിക്കേറ്റത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സംഭവം. വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ തുടയിൽ ആഴത്തിലുള്ള മുറിവുണ്ട്. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊളച്ചേരി, പാടിയിൽ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു. പ്രദേശത്തെ പശുക്കളെയും നായകൾ ആക്രമിച്ചിട്ടുണ്ട്.

അവധിക്കാലത്ത് വീടിനു പുറത്തിറങ്ങി കളിക്കുന്ന കുട്ടികൾക്ക് നായകൾ വൻ ഭീഷണിയായിരിക്കുകയാണ്. പ്രദേശവാസികൾക്ക് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.