
മുംബൈ: പഠനത്തിലെ മോശം പ്രകടനത്തിലും കുറഞ്ഞ മാർക്കിലും മനംനൊന്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. മുംബൈയ്ക്ക് സമീപം താനെ ജില്ലയിലെ കല്യാൺ വെസ്റ്റിലാണ് സംഭവം. 14 വയസ്സുകാരിയായ വിദ്യാർത്ഥിനി താമസ സ്ഥലത്തെ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ചാടുകയായിരുന്നു.അമ്മ, മുത്തശ്ശി, സഹോദരി എന്നിവർക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
പതിവായി പഠിച്ചിട്ടും മാർക്കുകൾ മെച്ചപ്പെടുത്താൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ദീപാവലിക്ക് മുമ്പുള്ള പരീക്ഷകളിൽ ലഭിച്ച കുറഞ്ഞ മാർക്കും പഠനത്തിൽ പുരോഗതി കൈവരിക്കാനായി അധ്യാപകരിൽ നിന്ന് ലഭിച്ച നിരന്തരമായ ഉപദേശങ്ങളും കൗമാരക്കാരിയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ പെൺകുട്ടി താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷമാണ് നിലംപൊത്തിയത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.