
കണ്ണൂർ : സ്‌കൂട്ടറിന്റെ ഉൾഭാഗത്ത് വിഷപ്പാമ്പ് ഒളിച്ചിരിക്കുന്നത് അറിയാതെ ഒരു കിലോമീറ്ററോളം യാത്ര ചെയ്ത അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയും തൈക്കടപ്പുറം സ്വദേശിനിയുമായ ഷറഫുന്നിസയാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.സംഭവം കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
വീട്ടിൽ നിന്ന് കോളജിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോളാണ് ഷറഫുന്നിസയ്ക്ക് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. കോളജിലേക്ക് എത്താൻ ഏകദേശം ഒരു കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ വണ്ടിയുടെ ബ്രേക്ക് പിടിച്ചതോടെ ബ്രേക്കിന്റെ വിടവിലൂടെ പാമ്പ് തല ഉയർത്തി പുറത്തേക്ക് വന്നു.
പാമ്പിനെ കണ്ടതോടെ പകച്ചുപോയെങ്കിലും ഷറഫുന്നിസ ആത്മധൈര്യം വീണ്ടെടുത്തു. വലതുഭാഗത്തെ ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരിക്കേൽക്കാനും അത് കടിയേൽപ്പിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അധ്യാപിക ഇടതുഭാഗത്തെ ബ്രേക്ക് മാത്രം ഉപയോഗിച്ച് വണ്ടി നിർത്തി വാഹനത്തിൽ നിന്നിറങ്ങുകയായിരുന്നു. സ്‌കൂട്ടറിന്റെ മുൻഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നതാകാമെന്നാണ് നിഗമനം.
സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ മെക്കാനിക്കിനെ വിവരമറിയിച്ചു. മെക്കാനിക്കെത്തി സ്‌കൂട്ടറിന്റെ ബോഡി മാറ്റിയപ്പോഴാണ് ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ പുറത്തുകണ്ടത്. കൃത്യമായ ആത്മധൈര്യം കൈവിടാതെ പെരുമാറിയതുകൊണ്ടാണ് അധ്യാപികക്ക് അപകടമില്ലാതെ രക്ഷപ്പെടാൻ സാധിച്ചത്.