
തിരുവനന്തപുരം : മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് ഒരുക്കിയ ഫുഡ് സ്ട്രീറ്റ് ഹബ്ബ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളത്തെ സുരക്ഷിതമായ ഭക്ഷണത്തിന്റെ ഫുഡ് ഡെസ്റ്റിനേഷൻ ആക്കുകയാണ് ലക്ഷ്യം.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഹാരം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തും. പാഴ്സൽ ഭക്ഷണങ്ങളിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കൂടാതെ എറണാകുളം (കസ്തൂർബാ നഗർ), കോഴിക്കോട് ബീച്ച്, മലപ്പുറം (കോട്ടക്കുന്ന്) എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതല്‍ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കോടി രൂപ ചിലവില്‍ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ 18 സ്ഥിരം ഭക്ഷണ സ്റ്റാളുകൾ, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിർമ്മാർജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ഭക്ഷണശാലകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക. ഈ പദ്ധതി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയും തിരുവനന്തപുരത്തിന്റെ തെരുവ് ഭക്ഷണ സംസ്കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നൽകുകയും ചെയ്യും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഡിടിപിസി, എൻഎച്ച്എം, നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ മുഖ്യാതിഥിയായി. ഫുഡ്സേഫ് സേഫ്റ്റി കമ്മീഷണര്‍ അഫ്സാന പര്വിന്, നഗരസഭാ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മേടയില്‍ വിക്രമന്, കൗണ്‍സിലര്‍ സെറാഫിന് ഫ്രെഡി തുടങ്ങിയവര്‍ പങ്കെടുത്തു.