
കൊച്ചി:ഇന്നലെ രാത്രിയോടെ കൊച്ചി എടത്തല എൻ.എ.ഡി.ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ വെച്ചാണ് സംഭവം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതിലൂടെ വൻ ദുരന്തം ഒഴിവായി. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ചില ബൈക്ക് യാത്രക്കാർ ഉടൻ തന്നെ കാറിലുണ്ടായിരുന്നവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.
ബൈക്ക് യാത്രക്കാരുടെ ഈ സമയോചിത ഇടപെടൽ മൂലമാണ് കാർ യാത്രികർ ഉടൻ പുറത്തിറങ്ങിയതും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതും.യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ നിന്ന് വലിയ രീതിയിൽ തീ ഉയരുകയും പൊട്ടിത്തെറിയോടെ പൂർണമായും കത്തിനശിക്കുകയും ചെയ്തു.
കത്തുന്നതിനിടെ തീഗോളം ഉയരുകയും പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തു.അപകടം നടന്ന സ്ഥലം നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമായതിനാൽ ഉടൻ തന്നെ അധികൃതർ ഇടപെട്ടു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.