
പാലക്കാട്: പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ റോഡിലേക്ക് തെറിച്ചു വീണ് അപകടം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലോറിയുടെ മുൻവശത്ത് മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറി സിഗ്നലിൽ എത്തിയപ്പോൾ ബ്രേക്ക് ചെയ്തതോടെയാണ് അപകടമുണ്ടായത്. ലോറിയിൽ പരിധിയിൽ കൂടുതൽ ഭാരം കയറ്റിയതും പൈപ്പുകൾ സുരക്ഷിതമായ രീതിയിൽ കെട്ടാതിരുന്നതുമാണ് ഇവ മുന്നിലേക്ക് തെറിച്ചു വീഴാൻ കാരണമായത്.അപകടത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന പൈപ്പുകൾ സമീപത്തെ ലോഡിംഗ് തൊഴിലാളികൾ എത്തിയാണ് തിരികെ ലോറിയിൽ കയറ്റിയത്.
ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.ലോറികളിൽ അപകടകരമായ രീതിയിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.