
കോട്ടയം : മദ്യലഹരിയിൽ വാഹനം ഓടിച്ച സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയൽ നടനാണ് സിദ്ധാർത്ഥ്. ഇന്നലെ (ബുധനാഴ്ച) രാത്രി എംസി റോഡിൽ കോട്ടയം നാട്ടകം ഭാഗത്തുവെച്ചായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും വന്ന സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് താരം മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ചോദ്യം ചെയ്ത നാട്ടുകാരോട് സിദ്ധാർത്ഥ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പൊലീസുമായും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചു എന്ന് തെളിഞ്ഞു.