
കൊല്ലം : ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീട് അടിച്ചുതകർത്തു. ചിറപ്പാട് അഖിലാലയത്തിൽ അജിത്തിന്റെ (43) വീടിന് നേരെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ ആക്രമണമുണ്ടായത്. വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വീടിന്റെ ജനാലകളും വാതിലുകളും അടിച്ചുതകർത്ത സംഘം അകത്തുകടന്ന് സർവ്വസാധനങ്ങളും നശിപ്പിച്ചു. ടിവി, ഫ്രിഡ്ജ്, അലമാര, കസേരകൾ, അടുക്കളസാധനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ തകർത്തു. മുറിക്കുള്ളിലെ തടി അലമാര വെട്ടിപ്പൊളിച്ചു. വീടിന് പുറത്തുണ്ടായിരുന്ന ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങളും തല്ലിത്തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറയുന്നു.
അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെ സംഘം ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയോട് അക്രമികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്. പാതിരിക്കൽ സ്വദേശിയായ പ്രാദേശിക സിപിഎം നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് അജിത്തും കുടുംബവും പോലീസിന് മൊഴി നൽകി.