
മലപ്പുറം: പമലപ്പുറം വള്ളിക്കുന്ന് അരിയല്ലൂരിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നിർമ്മാണ തൊഴിലാളി ദാരുണമായി മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് പുള്ളാടൻ അവറാന്റെ മകൻ അബ്ദുൽ അസീസ് (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ അരിയല്ലൂർ എം.വി.എച്ച്.എസ് സ്‌കൂളിന് സമീപത്തെ പറമ്പിലായിരുന്നു അപകടം. വീടിന്റെ മുൻഭാഗം പൊളിച്ചുനീക്കുന്നതിനിടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് അപ്രതീക്ഷിതമായി അസീസിന്റെ നെഞ്ചത്തേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അസീസിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി നിർമ്മാണ മേഖലയിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖബറടക്കം കളത്തിങ്ങൽപ്പാറ ജുമാമസ്ജിദിൽ നടന്നു.