Banner Ads

കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ

കൊച്ചി : മുവാറ്റുപുഴ വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

കനാലിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. റിനാസിന് നീന്തൽ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ കുറച്ചകലെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ ജാസ്മിന്റെ മകനാണ്. അമ്മ ജാസ്മിനോടൊപ്പം വാടക വീട്ടിലായിരുന്നു റിനാസ് താമസിച്ചിരുന്നത്.