
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മന്ദഗതിയിലുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ്. റെയ്ഡ് നടന്ന് 66 ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2026 ജനുവരി 20ന് കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയിരുന്നു.
ഫെബ്രുവരി 17ന് നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് 40 ദിവസമായിട്ടും അന്വേഷണത്തിൽ ഒരു മുന്നേറ്റവുമില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, എൻ വാസു, മുരാരി ബാബു തുടങ്ങിയ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണെന്ന് യുഡിഎഫ് ആരോപിച്ചു.
തുടക്കത്തിൽ വലിയ ആവേശത്തോടെ രംഗത്ത് വന്ന ഇഡി പിന്നീട് നിശ്ശബ്ദമായത് ആരെ സഹായിക്കാനാണെന്ന് യുഡിഎഫ് ചോദിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അന്വേഷണം പാതിവഴിയിൽ നിർത്തുന്നത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് സത്യം പുറത്തുവരാതിരിക്കാനാണ് ഈ ഒത്തുകളിയെന്നും പ്രതിപക്ഷം ആരോപിച്ചു.