Banner Ads

55 ഡിഗ്രി ചൂടോ? അങ്ങനെയൊരു പ്രവചനമില്ല; സിവിൽ ഡിഫൻസിന്റെ പേരിലുള്ള സന്ദേശം വ്യാജം

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില 55 ഡിഗ്രി വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച്‌ ശിക്ഷാര്‍ഹമാണ്.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും, അമിത ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രചാരണം. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രത്യേക വകുപ്പില്ല. ഫയർ ഫോഴ്‌സിന് കീഴിലുള്ള ഒരു സന്നദ്ധ സേനയാണ് സിവിൽ ഡിഫൻസ്.

കേരളത്തിൽ താപനില 50 ഡിഗ്രിക്ക് മുകളിൽ പോകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരിടത്തും പ്രവചിച്ചിട്ടില്ല. കാലാവസ്ഥാ സംബന്ധമായ അറിയിപ്പുകൾക്കായി ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും മാത്രം ആശ്രയിക്കുക.