Banner Ads

അൻപത് വർഷം പഴക്കമുള്ള പൈപ്പ് പൊട്ടി; കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും ജലവിതരണം നിലയ്ക്കും

കോഴിക്കോട് : മലാപ്പറമ്പിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് നഗരത്തിന്റെ വലിയൊരു ഭാഗത്ത് ഇന്നും നാളെയും ജലവിതരണം മുടങ്ങും. 50 വർഷത്തോളം പഴക്കമുള്ള പ്രധാന പൈപ്പാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പൊട്ടിത്തെറിച്ചത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു.

ഇതേത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ശക്തിയായി പുറത്തേക്ക് ചീറ്റിയ വെള്ളവും ചളിയും സമീപത്തെ നിരവധി വീടുകളിലേക്ക് കയറി നാശനഷ്ടമുണ്ടാക്കി. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് മലാപ്പറമ്പിലെ ഔട്ട്‌ലെറ്റ് വാൽവ് അടച്ചതാണ് ജലവിതരണം മുടങ്ങാൻ കാരണം. പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടലിന് കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

എത്രയും പെട്ടെന്ന് പൈപ്പ് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വീടുകളിൽ കയറിയ ചളിയും മാലിന്യങ്ങളും വാട്ടർ അതോറിറ്റി തന്നെ നീക്കം ചെയ്യും. റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോർപ്പറേഷൻ അധികൃതരും അറിയിച്ചു.