Banner Ads

വനത്തിൽ നിന്ന് 400 കോടി വരുമാനം; ഇരകൾക്ക് നൽകാൻ പണമില്ല, സർക്കാരിനെതിരെ യുഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി യുഡിഎഫ്. വനസംരക്ഷണത്തിനായി കോടികൾ ചെലവാക്കുമ്പോഴും ആക്രമണത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നൽകാനുള്ള 92 കോടി രൂപ കുടിശ്ശികയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഷ്ടപരിഹാരത്തിനായി മൂന്ന് വർഷത്തോളമായി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്.

ആയിരം രൂപ പോലും ലഭിക്കാത്ത കുടുംബങ്ങളുണ്ടെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. വനമേഖലയിൽ നിന്ന് വർഷം തോറും 400 കോടിയിലധികം രൂപ വരുമാനം ലഭിക്കുമ്പോഴും ഇരകളെ സഹായിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 1100ലധികം പേർ കൊല്ലപ്പെട്ടു. സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ എൽഡിഎഫ് സർക്കാർ പൂർണ്ണ പരാജയമാണ്.

വന്യജീവി ആക്രമണത്തിന് പുറമെ പോക്‌സോ കേസുകളിലെ ഇരകൾക്കും മറ്റ് കുറ്റകൃത്യങ്ങൾ നേരിട്ടവർക്കും നൽകാനുള്ള സഹായധനത്തിലും 47 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച തുടർന്നാൽ ട്രഷറി അറ്റാച്ച് ചെയ്യേണ്ടി വരുമെന്ന് ഹൈക്കോടതി പോലും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം യുഡിഎഫ് ഓർമ്മിപ്പിച്ചു.