
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലയളവിൽ 200 പാലങ്ങൾ യാഥാർത്ഥ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2021ൽ അധികാരമേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. കൃത്യമായ ആസൂത്രണത്തിലൂടെയും നിരന്തരമായ ഇടപെടലിലൂടെയും ലക്ഷ്യമിട്ടതിന്റെ ഇരട്ടി പാലങ്ങൾ നിർമ്മിച്ച് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. 2000 കോടിയിലധികം രൂപയാണ് 200 പാലങ്ങളുടെ നിർമ്മാണത്തിനായി ചെലവഴിച്ചത്.
പൊതുമരാമത്ത് പാലം വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിഭാഗങ്ങളുടെ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. മന്ത്രി നേരിട്ട് നടത്തിയ സൈറ്റ് പരിശോധനകളും കൃത്യമായ ഇടവേളകളിലുള്ള റിവ്യൂ യോഗങ്ങളും നിർമ്മാണം വേഗത്തിലാക്കി. ഈ യാത്രയിൽ കൂടെനിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.