പാലക്കാട്: ചെർപ്പുളശ്ശേരി തൂതപ്പുഴയിൽ 12 വയസ്സുകാരി മുങ്ങി മരിച്ചു. ഇന്ന് ഉച്ചയോടു കൂടിയാണ് അപകടമുണ്ടായത്. തമിഴ്നാട് പഴനി സ്വദേശി സഞ്ചനയാണ് പുഴയിൽ മുങ്ങിമരിച്ചത്. തൂത പൂരത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നും കച്ചവടത്തിനായി എത്തിയ സംഘത്തിൽപെട്ട സ്ത്രീയുടെ മകളാണ്.
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് നിഗമനം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സഞ്ജനയെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൂത പാലത്തിനോട് ചേർന്നുള്ള കടവിലാണ് കുട്ടി കുളിക്കുവാൻ ഇറങ്ങിയത്. പോലീസ് ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.