തിരുവനന്തപുരം:അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകാനുള്ള 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ച് തമാശ പറയുകയോ അനാവശ്യ കോളുകൾ ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അസഭ്യം പറയുന്ന കോളുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നീക്കം.112 എന്നത് അത്യാഹിത ഘട്ടങ്ങളിൽ, പ്രത്യേകിച്ച് ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളിൽ, പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനുള്ള ഏകീകൃത എമർജൻസി നമ്പറാണ്.
ഇത്തരം നമ്പറുകളിലേക്ക് വരുന്ന ഓരോ അനാവശ്യ കോളുകളും യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുകയും അടിയന്തര സേവനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.അനാവശ്യ കോളുകൾ ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് നിയമപരമായി നടപടിയെടുക്കാൻ ടെലികോം സേവനദാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇത്തരക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.പൊതുജനങ്ങൾ 112 എന്ന നമ്പറിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഈ സേവനം പ്രയോജനപ്പെടുത്തുക.