
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബൽറാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് ബൽറാമിന്റെ പോസ്റ്റ്.
അതേസമയം, മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1228 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടുകളിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ. മൂന്നാം റൗണ്ടോട് കൂടിയാണ് രാഹുൽ മുന്നിലേക്ക് വന്നത്. നിലവിൽ മൂത്താന്തറ അടക്കമുള്ള ബിജെപി ശക്തികേന്ദ്രങ്ങളുടെ വോട്ടെണ്ണൽ നടക്കുകയാണ്.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.