Banner Ads

കണ്ണീരോർമയായി അർജുൻ; സംസ്കാരം ഉച്ചയോടെ വീട്ടുവളപ്പിൽ

    മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെയാണ് അന്ത്യയാത്രയും.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അർജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്‌സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്.

മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെയാണ് അന്ത്യയാത്രയും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത്. അർജുന്‍റെ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.

ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഗംഗാവലി പുഴയിൽനിന്നും ബുധനാഴ്ച ഉയർത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. പിന്നീട് ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി.

കാബിനിൽനിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തിയിരുന്നു. ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടക്ക് മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *