
കണ്ണൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ വോട്ട് ചെയ്യുന്നതിനിടെ പോളിംഗ് ബൂത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് രേഖപ്പെടുത്താനായി ബൂത്തിനകത്തേക്ക് കയറിയപ്പോൾ സുധാകരൻ ചട്ടവിരുദ്ധമായി അനുയായിയെ കൂടെക്കൂട്ടിയെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചെന്നുമാണ് പ്രധാന ആരോപണം. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് ദൃശ്യങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കെ. സുധാകരനൊപ്പം ബൂത്തിനുള്ളിൽ കയറിയ കെപിസിസി സെക്രട്ടറി ജയന്ത് ദിനേശിനെതിരെയും പരാതിയുണ്ട്. വോട്ട് ചെയ്യുന്നതിനിടെ ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും സുധാകരൻ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടിംഗിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം കമ്മീഷന് കൈമാറിയിട്ടുണ്ട്