
കോഴിക്കോട്: വീട്ടുകാർ നോമ്പ് തുറക്കാൻ ബന്ധുവീട്ടിൽ പോയ സമയത്ത് അയനിക്കാട് മോഷണം നടന്നു. കുറ്റിയിൽപ്പീടികയ്ക്ക് സമീപം ‘റഫ’യിൽ വഹാബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വൈകുന്നേരം 6.30-നും 7.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.വഹാബും കുടുംബവും നോമ്പ് തുറയ്ക്കായി മൂരാടുള്ള ബന്ധുവീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
രാത്രി 7.30-ഓടെ കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.വീടിന്റെ അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന് അകത്തെ മറ്റ് വാതിലുകളും അലമാരയുടെ പൂട്ടുകളും തകർത്ത് പരിശോധന നടത്തി.കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റാണ് കവർന്നത്.സംഭവത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.