Banner Ads

ആവേശം ചോരാതെ വോട്ടർമാർ; സംസ്ഥാനത്ത് പോളിംഗ് 67 ശതമാനം കടന്നു.

കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 67.10% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് തുടരുകയാണെങ്കിൽ, ഇത്തവണ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ-കായിക താരങ്ങളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.സിനിമാ ലോകത്തുനിന്ന് മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാൽ (മുടവൻമുകൾ), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ) എന്നിവരും കായിക താരം പി.ടി. ഉഷയും വോട്ട് ചെയ്യാനെത്തി.

വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്തു.പിലിക്കോട് പുത്തിലോട് 137-ാം ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. ഇത് തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും ഇവിടെ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.പാറപ്പറമ്പിൽ സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാൾ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതിനെച്ചൊല്ലി വൻ പ്രതിഷേധം അരങ്ങേറി.

ഗേൾസ് ഹൈസ്കൂളിലെ ബൂത്തിന് മുന്നിൽ എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു കുത്തിയിരുന്ന് പ്രതിഷേധിച്ചു.ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായാണ് പുരോഗമിക്കുന്നത്.