
വയനാട്: കൊടുവള്ളിയിൽ നിന്നും വിനോദയാത്രയ്ക്കെത്തിയ രണ്ട് വിദ്യാർത്ഥികൾ വയനാട് ബാവലി പുഴയിൽ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദിനാൻ (17), പതിമംഗലം അഷ്റഫിന്റെ മകൻ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൽ ഹസ്വ ഇശാ അത് സുന്ന ദർസ്സിലെ വിദ്യാർത്ഥികളായ ഇവർ, രണ്ട് ദിവസം മുൻപാണ് മൈസൂരുവിലേക്ക് വിനോദയാത്ര പോയത്.
മടക്കയാത്രയിൽ മാനന്തവാടി തിരുനെല്ലി ബാവലി മഖാം സന്ദർശിച്ച ശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുബഷീർ ഒഴുക്കിൽപ്പെട്ടപ്പോൾ, നീന്തൽ വശമുള്ള അദിനാനും ആഷിഖും ചേർന്ന് മുബഷീറിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എന്നാൽ ഇതിനിടെ ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.