
ന്യൂഡൽഹി : വയനാട് തുരങ്കപ്പാത പദ്ധതിക്കെതിരെ പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹർജി സുപ്രീംകോടതി തള്ളി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. തുരങ്കപ്പാത വയനാടിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് അത്യന്താപേക്ഷിതമായ ജീവനാഡിയാണെന്ന് കോടതി നിരീക്ഷിച്ചു.
പദ്ധതിയെക്കുറിച്ച് സാധാരണക്കാരല്ല സാങ്കേതിക വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദഗ്ധ സമിതികൾ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അനുമതി നൽകിയത്. ഹൈക്കോടതി എല്ലാ പാരിസ്ഥിതിക വശങ്ങളും പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചത്. അതിനാൽ അതിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ല.
കാറ്റഗറി എയിൽ ഉൾപ്പെട്ട പദ്ധതിക്ക് മതിയായ പരിസ്ഥിതി അനുമതിയില്ലാതെയാണ് തുടക്കം കുറിച്ചതെന്നും നിർമ്മാണം സ്റ്റേ ചെയ്യണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും നിർമ്മാണ വേളയിൽ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ഹർജിക്കാർക്ക് ചെന്നൈയിലെ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.