തിരുവനന്തപുരം:ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് നാടും നഗരവും. കേരളത്തിലും വിദേശത്തുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുന്നു. മിക്കവരും കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ്.
തിരുവോണമൊരുക്കാനുള്ള അവസാന ഘട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഓണം അടുത്തതോടെ ടൺ കണക്കിനു പച്ചക്കറിയാണ് തേനിയിലെ ചിന്നമന്നൂർ മാർക്കറ്റുകളിൽ ദിവസേനയെത്തുന്നത്. ഓണക്കാലത്ത് ഒരാഴ്ച മുൻപേ പച്ചക്കറി വിലയും കുതിച്ചുയരും.
ചൊവ്വാഴ്ച വൻ തിരക്കാണ് മാർക്കറ്റുകളിൽ അനുഭവപ്പെട്ടത്. ഇതിനനുസരിച്ച് വിലയും ഉയർത്തി. കൂടുതൽ പച്ചക്കറി മാർക്കറ്റിലേക്കെത്തിച്ചതോടെ വിലയിടിഞ്ഞു. മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവയ്ക്ക് മാത്രമാണ് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറിൽ നിന്നും 250 ലേക്ക് കുറഞ്ഞു.
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന മധുര, തേനി മാർക്കറ്റുകളിലും സ്ഥിതി ഇതുതന്നെ. പക്ഷേ ചൊവ്വാഴ്ച ഉയർന്ന വിലക്ക് വ്യാപാരികൾ പച്ചക്കറി വാങ്ങിയതിനാൽ ഉത്രാദ ദിവസം മലയാളി കൂടിയ വില നൽകേണ്ടി വരാനാണ് സാധ്യത.